നിലമ്പൂര്‍: പെരുമുണ്ട-അമ്പലം മാട്ടട - ശങ്കരനായര്‍ റോഡ് തര്‍ക്കത്തിന് പരിഹാരം ഇനിയും അകലെ. പെരുമുണ്ട ഭാഗവതി ക്ഷേത്രത്തിലേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.
ഇ.പി. മുരളിയുടെ നേതൃത്വത്തിലാണ് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിതക്ക് പരാതി നല്‍കിയത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് അടച്ച് ഇടുന്നത് തടയണമെന്നും പരാതിയില്‍ പറയുന്നു. സെക്രട്ടറി തുടര്‍നടപടി എടുത്തില്ലെങ്കില്‍ 16 ന് ഉപരോധ സമരവും തുടര്‍ന്ന് സത്യാഗ്രഹവും നടത്തുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. എന്നാല്‍ കോടതിയില്‍ റോഡ് ഉള്‍പെട്ട സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട റോഡാണെങ്കിലും റോഡ് പ്രവൃത്തിക്ക് എംഎല്‍എ ഫണ്ടാണ് അനുവദിച്ചിട്ടുള്ളത് അതിനാല്‍ റോഡ് നിര്‍മാണ ചുമതല നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്. സ്ഥലത്തില്‍ അവകാശ വാദം ഉന്നയിച്ച് കുടുംബവുമായി തര്‍ക്കം ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ പരാതി നല്‍കേണ്ടത് പൊലിസിനാണെന്നും സെക്രട്ടറി സുനിത പറഞ്ഞു.
മുന്‍ ഭരണ സമിതിയുടെ കാലത്ത് റോഡ് അളന്ന് തിട്ടപ്പെടുത്തിയ സെക്രട്ടറി സ്വീകരിച്ച നടപടിക്ക് എതിരേ സ്ഥലത്തില്‍ അവകാശ വാദം ഉന്നയിക്കുന്ന കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് ടാറിംഗ് നടത്തി ക്ഷേത്രത്തിലേക്ക് പോകാന്‍ ഭക്തജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് പരാതിക്കാരുടെ പ്രധാന ആവശ്യം.